ബൂത്ത് മുതൽ ദേശീയ തലം വരെയും കുട്ടി ബാൽമഞ്ച് മുതൽ ഹൈക്കമാൻ്റ് വരെയും ഗ്രൂപ്പും ഗ്രൂപ്പിനുള്ളിൽ ഗ്രൂപ്പും അതിനുള്ളിൽ പിന്നെ ക്ലിക്കും അതു കഴിഞ്ഞ് സകലമാന കുത്തിത്തിരിപ്പും കുതികാൽ വെട്ടും കഴിഞ്ഞ് വിഭ്രാന്തി പിടിച്ചു നിൽക്കുന്ന കോൺഗ്രസിനെ തദ്ദേശ തിരഞ്ഞെടുപ്പിലും ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിലും നയിച്ച് അധികാരത്തിൽ എത്തിച്ച കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ആണ് മുഖ്യമന്ത്രിയകേണ്ടത്. അതാണ് ജനാധിപത്യത്തിലെ മാന്യത. പ്രതിപക്ഷത്തെ 44 എംഎൽഎമാരേ 5 വർഷം നയിച്ച വി.ഡി.സതീശനോ, ഒത്തുതീർപ്പുകാരുടെ താക്കോൽ ചുമക്കുന്ന രമേശ് ചെന്നിത്തലയോ ഗ്രൂപ്പില്ല എന്ന് പറഞ്ഞ് സകല ഗ്രൂപ്പുകളേയും വിഴുങ്ങാൻ നടക്കുന്ന കെ.സി.വേണുഗോപാലിനെയും പരിഗണിക്കുന്നതിനേക്കാൾ മുൻപേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത് സാക്ഷാൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിനെ തന്നെയാണ്. കാരണം ഇന്ന് ഗ്രൂപ്പില്ലാത്ത ഏക നേതാവ് സണ്ണി ജോസഫ് മാത്രമാണ്. മാത്രമല്ല യാതൊരു വിധ ആരോപണങ്ങളും ഏൽക്കാത്ത വ്യക്തിത്വം, മാന്യമായ സംസാരരീതി, ജനങ്ങളെയും അവരുടെ ആവശ്യങ്ങളേയും തിരിച്ചറിയാനുള്ള കഴിവ്, ജനഹിതം മനസ്സിലാക്കാനുള്ള വിവേകം, അസാധാരണ ക്ഷമാശീലം, ത്യാഗപൂർണമായ പ്രവർത്തന ശൈലി, പാവങ്ങളെ സഹായിക്കാനുള്ള മനസ്ഥിതി, നല്ലൊരു ദൈവവിശ്വാസി, സമന്വയത്തിനുള്ള കഴിവ്, ലളിത ജീവിതം, മികച്ച സംഘാടകൻ...... ഇങ്ങനെ സണ്ണി ജോസഫിന് പ്രത്യേകതകൾ ഏറെയുണ്ട്. കുടിയേറ്റ കർഷക കുടുംബത്തിൽ ജനിച്ച് കൃഷിപ്പണി ചെയ്തും അധ്വാനിച്ചും വളർന്ന്, സ്കൂളിലും കോളജിലും പഠിക്കാൻ കൃഷിയിയിൽ നിന്ന് വരുമാനം കണ്ടെത്തിയ സണ്ണി ജോസഫ് കെ എസ് യു വിലൂടെ രാഷ്ട്രീയത്തിലെത്തിയതാണ്. യൂത്ത് കോൺഗ്രസിലുടെയും കോൺഗ്രസിലൂടെയും വളരുന്നതിനിടയിൽ പ്രഗത്ഭനും പ്രശസ്തതുമായ അഭിഭാഷകനെന്ന നിലയിലും നിയമവിദഗ്ധനെന്ന നിലയിലും അദ്ദേഹം മികവ് തെളിയിച്ചു.സമരമുഖങ്ങളിൽ പതറാതെ മുന്നേറിയ സണ്ണി ജോസഫ്, കെ സുധാകരന് ശേഷം കണ്ണൂർ ഡിസിസി പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂരിൽ കോൺഗ്രസ് തെരുവിൽ സിപിഎമ്മിനെ നേരിടേണ്ടി വന്ന കാലത്തെല്ലാം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹത്തിനും കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിൻ്റെ വളർച്ചയിൽ വലിയ പങ്കുണ്ട്. കെ.സുധാകരനെ വന്യമായി സിപിഎം നേരിട്ട കാലത്ത് പ്രതിരോധ നിരയൊരുക്കിയതിൽ പ്രമുഖൻ സണ്ണി ജോസഫ് ആയിരുന്നു. സാധാരണക്കാരൻ്റെയും കർഷകൻ്റെയും നാട്ടിൻ പുറത്തു കാരൻ്റെയും തൊഴിലാളിയുടെയും മനമറിയുന്ന, മനസ്സളക്കാൻ കഴിയുന്ന സണ്ണി ജോസഫ്, മഹാനായ ഉമ്മൻ ചാണ്ടിക്ക് ശേഷം കേരള രാഷ്ട്രീയത്തിൽ നിലയുറപ്പിച്ച ഏറ്റവും ജനകീയനായ എംഎൽഎ എന്ന നിലയിലും അറിയപ്പെടുന്ന ജനപ്രതിനിധിയാണ്. ജാതി മത സാമൂദായിക സാമ്പത്തിക രാഷ്ട്രീയ വ്യത്യാസമില്ലാതെ ഏതൊരാൾക്കും ഏത് സമയത്തും നേരിട്ട് ബന്ധപ്പെടാൻ കഴിയുന്ന ജന പ്രതിനിധിയാണ് സണ്ണി ജോസഫ്. ആർക്കും അദ്ദേഹത്തെ കാണാൻ ഒരു പാർട്ടി ഭാരവാഹിയുടേയും ശുപാർശയോ കത്തോസഹായ മോ പോലും ആവശ്യമില്ല. ഇത്രയും ജനകീയനായ, ഇത്രയും സാധാരണക്കാരനായ, അഴിമതി രഹിതനായ, പാർട്ടി തലവൻ എന്ന നിലയിൽ മികവ് തെളിയിച്ച സണ്ണി ജോസഫ് അല്ലേ മുഖ്യമന്ത്രിയാകേണ്ടത്?
2025 മേയ് 2 നാണ് സണ്ണി ജോസഫിനെ കെപിസിസി പ്രസിഡൻ്റായി നിയമിക്കുന്നത്. 2005 മുതൽ 2025 വരെ 20 വർഷത്തിനിടയിൽ രമേശ് ചെന്നിത്തല, വി.എം.സുധീരൻ, എം.എം.ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സുധാകരൻ എന്നീ 5 നേതാക്കൾ പ്രസിഡൻ്റ് സ്ഥാനത്തെത്തി. ഈ 20 വർഷത്തിനിടയിൽ വെറും 6 വർഷം മാത്രമാണ് യുഡിഎഫിന് ഭരണം കിട്ടിയത്. കെപിസിസി പ്രസിഡൻ്റ് എന്ന അനാവശ്യ ആദർശ വേഷം കെട്ടിയ വി.എം.സുധീരനാണ് 2011 ലെ ഉമ്മൻ ചാണ്ടി സർക്കാരിന് ലഭിക്കാമായിരുന്ന തുടർഭരണം നഷ്ടപ്പെടുത്തി ആലക്കാടൻ വിജയനെന്ന മാൻഡ്രേക്കിനെ കേരള ജനതയുടെ തലയിൽ വച്ച് കെട്ടി വച്ച് തന്നത്. ഭരണം തിരിച്ചുപിടിച്ച് തരാൻ പോയിട്ട്, ഒരു പഞ്ചായത്ത് വാർഡ് പോലും പിടിക്കാൻ സാധിക്കാത്ത വിധം പാർട്ടിയെ ഷണ്ഡീകരിക്കാൻ ' മാത്രമാണ് സുധീരൻ്റെ നേതൃത്വത്തിന് സാധിച്ചത്. അന്നും ഇതേ കെ.സി.വേണുഗോപലും, ചെന്നിത്തലയും ഇവിടെ ഉണ്ടായിരുന്നു. പക്ഷെ പാർട്ടിയെ നിലയ്ക്കുറപ്പിച്ച് നില നിർത്താനോ അധികാരത്തിൻ എത്തിക്കാനോ സാധിച്ചില്ല. പാർട്ടിയെ തമ്മിലടിക്കുന്ന
നിലയിലെത്തിച്ചു നാണംകെട്ട തോൽവിയുമൊരുക്കി സുധീരൻ പോയി. പഞ്ചായത്തുകൾ 70 ശതമാനത്തോളവും അണികൾ ചേരിതിരിഞ്ഞ് കാലുവാരി തോൽപ്പിച്ച് സിപിഎമ്മിനെ ഏൽപ്പിച്ചു. പിന്നെ വന്ന രണ്ട് കെപിസിസി പ്രസിഡൻ്റുമാർ എം.എം.ഹസനും മുല്ലപ്പള്ളി രാമചന്ദ്രനും പാർട്ടിക്ക് ഒരു നേട്ടവും നൽകാതെ പതിവ് ഡയലോഗുകളും ആദർശ പ്രസംഗങ്ങളും ഗ്രൂപ്പു മുതലാളിമാരുടെ താളത്തിന് തുള്ളിയും നടന്നു. 2020 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഎം ആധിപത്യം കൂടുതൽ കൈവശമാക്കി. പഞ്ചായത്തുകളിൽ പാർട്ടി നിശ്ചലമായി. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ 99 സീറ്റിൽ സിപിഎമ്മ് കേരളത്തിലാദ്യമായി തുടർ ഭരണം പിടിച്ച് കോൺഗ്രസിനെ പരിഹാസ്യരാക്കി. 2005 ൽ ഉമ്മൻ ചാണ്ടിയിൽ നിന്ന് വി.എസ്.അച്ചുതാനന്ദൻ ഭരണം പിടിച്ചെടുക്കുമ്പോൾ രമേശ് ചെന്നിത്തലയായിരുന്നു കെപിസിസി പ്രസിഡൻ്റ്. അതേ ചെന്നിത്തല 2011 ലെ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് താക്കോൽ സ്ഥാനം വാങ്ങിക്കാൻ വേണ്ടി കളിച്ച കളികൾ കോൺഗ്രസിനെ ദുർബലമാക്കി. ആലക്കാടൻ വിജയൻ്റെ കഴുത്തിൽ കിടന്ന ടൈറ്റാനിയം അഴിമതി കേസിനെ ഉമ്മൻ ചാണ്ടിയുടെ തലയിലേക്ക് കെട്ടിവയ്ക്കാൻ ചെന്നിത്തലയാണ് കാരണമായത്. വിജയ നടക്കം സെൻട്രൽ ജയിലിൽ കിടക്കേണ്ടിയിരുന്ന ടി.പി.ചന്ദ്രശേഖരൻ കൊലപാതക കേസിൽ ഗൂഡാലോചനക്കാരിലേക്കെത്താത്ത വിധം കേസിനെ ദുർബലപ്പെടുത്തിയതും താക്കോൽ സ്ഥാനമെന്ന സമുദായ കുത്തിത്തിരിപ്പിൻ്റെ മറവിൽ പിടിച്ചു വാങ്ങിയ ആഭ്യന്തര മന്ത്രി സ്ഥാനത്തിരുന്ന രമേശ് ചെന്നിത്തലയാണ്. അയാളാണിപ്പോൾ മുഖ്യമന്ത്രിയാകാൻ ഷർട്ടും തയ്ച്ച് നടക്കുന്നത്, 2016ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സുധീരനായിരുന്നു പ്രസിഡൻ്റ്. സരിത, ബാർ, മാണിക്കോഴ തുടങ്ങി ആലക്കാടൻ വിജയൻ്റെ അധോലോകം ആസൂത്രണം ചെയ്ത സകല നെറികെട്ട രാഷ്ട്രീയക്കളിയിലും നിർവികാരത അഭിനയിച്ച ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തലയിരുന്നപ്പോൾ സുധീരൻ വിജയൻ്റെ തട്ടിപ്പ് കമ്പനിയുടെ ആരോപണങ്ങൾക്കും ആക്രമണങ്ങൾക്കും ശക്തിപകരുന്ന വിധം നയങ്ങളെടുത്തു. ഫലമോ സിപിഎം ലേബലൊട്ടിച്ച് പെൺവാണിഭ സംഘങ്ങൾ, ക്വട്ടേഷൻ സംഘങ്ങൾ, വ്യാജമദ്യ സംഘങ്ങൾ, മയക്കുമരുന്ന് മാഫിയ, ഭൂമാഫിയ, കള്ളക്കടത്ത് സംഘങ്ങൾ എന്നിവർ ചേർന്ന് സംസ്ഥാന ഭരണം കൈയ്യാളുന്ന നിലവന്നു. കൊള്ളാവുന്ന ഒരു സമരം പോലും സംഘടിപ്പിക്കാൻ കഴിയാതെ കോൺഗ്രസ് തളർന്നുവീണു. മുല്ലപ്പള്ളി രാമചന്ദ്രനെ കെ പി സി സി പ്രസിഡൻ്റാക്കിയെങ്കിലും പഴയ പാർട്ടി ഗീതങ്ങൾ ആലപിക്കുന്ന പണി ചെയ്തതല്ലാതെ ഭരണം തിരിച്ചുപിടിക്കാനോ പാർട്ടിയെ ചലിപ്പിക്കാനോ കഴിഞ്ഞില്ല. 2020ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പും 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പും കഴിഞ്ഞപ്പോൾ പാർട്ടിയുടെ സ്ട്രക്ചർ ബാക്കി ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ മറ്റൊന്നും ഇല്ലാതെ കോൺഗ്രസ് വെൻ്റിലേറ്ററിലായി. ഇതിനിടയിൽ 4 ലോക്സഭാ തിരഞ്ഞെടുപ്പുകളും നടന്നു. 2009 ൽ ചെന്നിത്തല നയിച്ചപ്പോൾ കോൺഗ്രസിന് കിട്ടിയത് 13 സീറ്റ്. യുഡിഎഫിന് 16ഉം. 2014ൽ 12 ഉം ആയി മാറി. എന്നാൽ 2019 ൽ മുല്ലപ്പള്ളി നയിച്ചപ്പോൾ 19 സീറ്റ് നേടി. അത് പക്ഷെ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരത്തിനെത്തിയ തിൻ്റെയൊക്കെ പഞ്ചിലായിരുന്നു. എന്നാൽ ആ നേട്ടം 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായില്ല എന്നതിൽ നിന്ന് തന്നെ കാരണം വ്യക്തമാണ്. പിന്നെ പാർട്ടിയെ ചലിപ്പിക്കാൻ വേണ്ടി ഒരു ക്രൗഡ് പുള്ളറെ ആവശ്യമായി വന്നു. അങ്ങനെ 2021 അവസാനം കണ്ണൂർ സിംഹം സാക്ഷാൽ കെ.സുധാകരനെ കെ പി സി സി പ്രസിഡൻ്റാക്കി. വി.എം.സുധീരനെ നിയമിച്ച കാലത്ത് കെ.സുധാകരനെ കെപിസി പ്രസിഡൻ്റ് ആക്കിയിരുന്നെങ്കിൽ ആലക്കാടൻ വിജയനെ ഈ കേരളം രണ്ടാം തവണയും ചുമക്കേണ്ടി വരില്ലായിരുന്നു !
സുധാകരൻ കെപിസിസി പ്രസിഡൻ്റായെങ്കിലും അദ്ദേഹത്തിൻ്റെ ആരോഗ്യ പ്രശ്നങ്ങൾ വിനയായി. അതിനൊപ്പം ആക്ഷൻ ഹീറോ ആയ സുധാകരൻ തലപ്പത്തിരുന്നാൽ തൻ്റെ കളികൾ നടക്കില്ലെന്ന് അറിയാവുന്ന കെ.സി.വേണുഗോപാലും തൻ്റെ വഴികൾ തടസ്സപ്പെടുമെന്ന് കണക്കാക്കിയ ചെന്നിത്തലയും കളി തുടങ്ങി. ഒടുവിൽ അനാരോഗ്യം ശക്തമായപ്പോൾ കെ.സുധാകരൻ പ്രസിഡൻ്റ് പദവിയിൽ നിന്ന് ഒഴിവായി. 'ആലക്കാടൻ വിജയൻ്റെ സ്പോൺസർഷിപ്പിൽ പ്രവർത്തിക്കുന്ന മലയാളത്തിലെ മാധ്യമങ്ങൾ ഒരുക്കുന്ന അജണ്ടകൾക്കനുസരിച്ച് കഥാപ്രസംഗം നടത്തേണ്ട സ്ഥിതി വന്നതിനൊപ്പമാണ് കെ.സുധാകരൻ്റെ വലംകൈയ്യും ബുദ്ധികേന്ദ്രവുമെന്നറിയപ്പെട്ട സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത്. കെ.സുധാകരൻ്റെ ശുപാർശയും കൂടിയായപ്പോൾ സണ്ണി പ്രസിഡൻ്റായി. അതും വ്യവസ്ഥകളോടെ. പഞ്ചായത്ത് തിരഞ്ഞെടുപ്പു കഴിയും വരെ മാത്രം ആയിരിക്കും കാലാവധി. തിരഞ്ഞെടുപ്പിൻ്റെ വിജയ മാർജിൻ പരിഗണിച്ചായിരിക്കും പിന്നീട് പദവി എന്നായിരുന്നു വ്യവസ്ഥ. എന്നാൽ സകല കണക്കുകൂട്ടലുകളും തെറ്റിച്ച് സണ്ണി ജോസഫിൻ്റെ നേതൃത്വത്തിൽ കോൺഗ്രസിൽ 60 ശതമാനത്തിൽ അധികം പഞ്ചായത്തുകളും കൈപ്പിടിയിലാക്കി. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചത് കെ.സുധാകരനാണ്. 18 സീറ്റുകൾ നേടി പാർട്ടിയെയും മുന്നണിയേയും ശക്തമായി നിലനിർത്തി. ആകെ സംഭവിച്ച പാളിച്ച തൃശൂരിൽ വ്യാജ വോട്ടർമാരുടെ സഹായത്തോടെ സുരേഷ് ഗോപിയെന്ന വേഷം കെട്ടുകാരൻ ബിജെപി ബാനറ്റൽ വിജയിച്ചു വന്നു എന്നത് മാത്രമാണ്. 2025 മേയ് 2 നാണ് സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റായത്. കോൺഗ്രസിലെ തൻ്റെ രാഷ്ട്രീയത്തിൻ്റെ ആരംഭകാലം മുതൽ ഐ ഗ്രൂപ്പിൻ്റെ ഭാഗമായിരുന്ന സണ്ണി ജോസഫ് സാക്ഷാൽ കെ.സുധാകരൻ്റെ കടുത്ത പക്ഷക്കാരനും സഹപ്രവർത്തകനുമെന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. സുധാകരൻ്റെ വിശ്വസ്തൻ എന്ന നിലയിൽ തന്നെയാണ് സണ്ണി ജോസഫ് ഈ നിമിഷം വരെ അറിയപ്പെടുന്നതും. എന്നാൽ കെപിസിസി പ്രസിഡൻ്റായതിന് ശേഷം പരമാവധി എല്ലാ വിഭാഗങ്ങളെയും ചേർത്ത് നിർത്തി മുന്നോട്ടു പോകാൻ സണ്ണി ജോസഫ് നടത്തിയ ശ്രമങ്ങളെ തകർക്കാൻ ചില കുത്സിത പ്രവർത്തകർ ശ്രമം നടത്തി. കെ.സുധാകരനെയും സണ്ണി ജോസഫിനെയും തമ്മിൽ ശത്രുക്കളാക്കാൻ വരെ ശ്രമം നടത്തി. ഒരു ഘട്ടത്തിൽ ആ നീക്കം വിജയിച്ച ഘട്ടം വരെ എത്തിയെങ്കിലും സുധാകരനും സണ്ണി ജോസഫും തമ്മിലുള്ള ആത്മാത്ഥ ബന്ധം അതിനെയൊക്കെ തകർത്തു. ഈ തിരഞ്ഞെടുപ്പിൽ പോലും സണ്ണി ജോസഫിനെ പരാജയപ്പെടുത്താൻ കോൺഗ്രസിലെ കുത്സിത വിഭാഗം ശ്രമം നടത്തിയിരുന്നു. ആ ശ്രമം ഇന്നും തുടരുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിലെ വൻ കുതിപ്പ് സണ്ണി ജോസഫിൻ്റെ ഗ്രാഫുയർത്തിയപ്പോൾ അതിനെ വെട്ടാൻ പാർട്ടിക്കുള്ളിലും ശ്രമം നടന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പുതിയ കെപിസിസി പ്രസിഡൻ്റിനെ നിയമിക്കും എന്ന് പാർട്ടിക്കുള്ളിലെയും പുറത്തേയും കുത്സിത ബുദ്ധികൾ ചില മാഫിയ ചാനലുകൾ ഉപയോഗിച്ച് പറഞ്ഞു പരത്തി. അത് ഏശാതെ വന്നപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് താൽക്കാലിക പ്രസിഡൻ്റിനെ നിയമിക്കണമെന്ന നിലവിളിയുമായി കുറച്ചു ദ്രോഹികൾ നടന്നു. പക്ഷെ ഹൈക്കമാൻ്റ് ഇതൊന്നും പരിഗണിച്ചില്ല. സണ്ണി ജോസഫും ടീമും നന്നായി പ്രവർത്തിച്ചു. ഫലം 102 സീറ്റ്. ഗ്രൂപ്പുവഴക്കും അസൂയയും കുത്തിത്തിരിപ്പുമായി തമ്മിൽ പാര വച്ച് നടന്ന കോൺഗ്രസിനെ അനുനയിപ്പിച്ച് കൂട്ടിയിണക്കി, ബുദ്ധിപൂർവ്വം കരുക്കൾ നീക്കി വിജയിപ്പിച്ച നേതൃത്വപാടവത്തിൻ്റെ പ്രതിഫലമായി മുഖ്യമന്ത്രി പദം സണ്ണി ജോസഫിനാണ് നൽകേണ്ടത്. ഇനി പറയൂ മുഖ്യമന്ത്രിയാകേണ്ടത് സണ്ണി ജോസഫല്ലേ?
Sunny Joseph should be made Chief Minister






















